ഒക്ടോബർ 1 മുതൽ ജനിക്കുന്നവർക്ക് പ്രായം തെളിയിക്കാൻ അടിസ്ഥാനരേഖ ജനന സർട്ടിഫിക്കറ്റ്
ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ എന്നീ വിവരശേഖരങ്ങൾ ജനന, മരണ രജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.
ഒരു കുട്ടി ജനിച്ചാൽ, 18ാം വയസ്സിൽ തനിയെ വോട്ടർ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. നിലവിൽ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഒക്ടോബർ ഒന്നിനു ശേഷം ഈ വിവരങ്ങൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് കൈമാറണം.
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്

Comments
Post a Comment